Sunday, March 1, 2009


നിശബ്ദത മാത്രമുള്ള ഈ വഴിയില്‍ നിന്ന്
നീ എപ്പോഴാണ് ഇറങ്ങിപ്പോയത്...?
രക്തം പോലെ ചൂടുപിടിച്ചു ചുവന്ന
അസ്ഥിയുടെ അടരുകളില്‍ നിന്ന്
നിലവിളിയോളമെത്തുന്ന ശബ്ദത്തില്‍ ചോദിക്കുന്നു,
‘പ്രണയത്തിന്റെ ആ ഉടുപ്പ് നിനക്കിപ്പോഴും പാകമാണോ?’
ഞാന്‍ തൊട്ട വിരലുകളില്‍ നിന്ന്
മൊസാര്‍ട്ടിന്റെ ശബ്ദം നിശബ്ദമായി അനുഭവിച്ചുകൊണ്ട്,
എത്ര പെട്ടെന്നാണ് നീ മറന്നിട്ടത്!
നീറുന്ന ചൂടില്‍ ഉടല്‍ പൊള്ളി ചോദ്യം
തികട്ടിത്തികട്ടി വരുന്നു.
ഒരു ശ്വാസത്തിന്റെ അകലത്തില്‍ മറന്നുവെച്ചു അല്ലേ?
മനസില്‍ വിറ പടര്‍ന്നിരിക്കുന്വോള്‍
പ്രണയം എല്ലാവരും ഇങ്ങിനെയാണറിയുന്നത്.
തിരക്കൊഴിഞ്ഞ ഇടവേളകളില്‍ കയറിയിരുന്ന്
കാറ്റുകൊണ്ട് യാത്ര പറയാതെ പോകുന്ന വെറുംവാക്ക്.
ശബ്ദമില്ലാതെ സംസാരിച്ച നിമിഷങ്ങള്‍ക്ക്
റീത്തുവെച്ചു പോകുന്നതു മരണമാണ്.
കണ്ണീരിന്റെ അകവും പുറവും പൊള്ളി വീഴുന്ന
ശാന്തിയില്ലാത്ത ഒരു കാറ്റിലാണു ഞാന്‍...
എനിക്കു കാവലില്ല, മരണമില്ല, ജീവനുമില്ല!
തൊട്ടുപൊട്ടിപ്പോയൊരു മഴവില്ലിലെ
മുറിഞ്ഞ ശബ്ദം പോലെ ഇനിയെന്നോട് സംസാരിക്കരുത്.
ചിരിച്ചു മറന്നുപോകാന്‍ ഞാന്‍ മരിച്ചവന്റെ പ്രേതമല്ല.
ഒരിറ്റ് സ്നേഹം സ്വന്തമായില്ലാത്തവന്റെ
പാഴ്വാക്കു മാത്രം.
ഞാന്‍ ഓര്‍മ്മകളില്‍ നിന്നു നിന്നെ ഡിലീറ്റ് ചെയ്യട്ടേ..?,
അസ്വസ്തത മറയ്ക്കാനാണ്.
പക്ഷേ മറന്നുമാത്രം പോകുന്നില്ലല്ലോ......................................
ഒന്നിറങ്ങിപ്പോകാമോ...?
എനിക്കു പോകണം. കാറ്റാടികളില്ലാത്തിടത്തേക്ക്,
കറണ്ടുകട്ടിനു നടുവിലേക്ക്...,
പാതിരാക്കോഴി കുവുന്വോള്‍ എഴുന്നേറ്റു പോകാന്‍.
പിന്നാലെ വരരുത്, തൊട്ടുപോകരുത്... ഉടഞ്ഞു പോകും
ചത്തവരുടെ മനസങ്ങനെയാണ്.
വെറുതെ ആശങ്കപ്പെട്ടുകൊണ്ടേയിരിക്കും.
ജീവിതം ബാക്കിയില്ലല്ലോ...
വാതിലടച്ചുകിടന്നോളൂ...
തുറന്നിട്ടാല്‍ ചിലപ്പോള്‍ ഞാനകത്തേക്കു വന്നാലോ?
ഉറങ്ങൂ... മരിച്ചവന്റെ കാവലുണ്ട് നിനക്ക്,,,