Thursday, November 29, 2007

ഉടയാത്ത ചുംബനത്തിന് കാതോര്‍ക്കുക...



പച്ചപ്പ് നിറഞ്ഞൊരു പ്രണയത്തെ സ്വന്തമാക്കിയതിന്‍റെ
നിശബ്ദതയില്‍ നിന്ന്
മനസ്സ് ഇതുവരെ പുറത്തു വന്നിട്ടില്ല...
ഉള്ളിനെ ഉര്‍വരമാക്കിയൊരു പെണ്ണിന്‍റെ ചിത്രം
കണ്ണട ചുല്ലുകളെ ഉടച്ച് പടരുന്നു...
കാറ്റു വീശാത്ത ഇടങ്ങളില്‍ നിന്നെല്ലാം
ഒരിലയനക്കത്തിന്‍റെ ഒച്ച പോലുമില്ലാതെ അവളെന്നോട് സംസാരിക്കുന്നു.
വിരല്‍ത്തുന്വില്‍ ഒരു മഴത്തുള്ളി വീണു!
മനസ്സിന്‍ പിന്നെയൊരു മഴക്കാലം...
വാക്കുകള്‍ മഞ്ഞിന്‍റെ തണുപ്പോടെ
പെയ്തുവീഴുന്നു...
കാഴ്ചയുടെ ശിഖരങ്ങളെ മറച്ച്
മനസ്സിന്‍റെ ഇലത്തുന്വുകളില്‍
പ്രണയം അനാദി കാലത്തോളം പുണര്‍ന്നിരിക്കുന്വോള്‍,
കാറ്റാടി മരത്തണലില്‍ ഞങ്ങള്‍
പരസ്പരം കോര്‍ത്തിരിക്കട്ടെ!
ചുംബനം നിന്‍റെ ക‌ണ്ണുകളില്‍ തുടങ്ങി,
കാല്‍വിരലില്‍ അവസാനിക്കുന്വോള്‍
ഇടയില്‍ വീണ സ്വര്‍ഗ്ഗങ്ങള്‍
ഒര്‍മ്മയില്‍ ഇടക്കൊക്കെ മഴ പെയ്യിക്കട്ടെ...!
ഞങ്ങള്‍ അപ്പോഴും മനസ്സിന്‍റെ മഞ്ഞുകാലങ്ങളില്‍
പരസ്പരം പുതച്ചുറങ്ങുകയാവും.
അവളുടെ കണ്ണുകളില്‍ ഞാന്‍ പ്രണയം നെയ്യുന്വോള്‍
ഇലയനക്കം കേള്‍പ്പിക്കാതെ പടര്‍പ്പിനുള്ളില്‍
ഇര വിഴുങ്ങിയായ് നീ ഒളിച്ചിരിക്കരുത്...
കണ്ണിമ പൂട്ടാതെ ഞങ്ങള്‍
കാവല്‍ നില്‍ക്കുന്ന പ്രണയത്തെ നീ കണ്ടു പോകരുത്...

Tuesday, November 20, 2007

ഒരു പൂവ് വിടരുമ്പോലെ...


മനസ്സിന്‍റെ കല്‍പടവില്‍ ഒരു തണുത്ത സ്പര്‍ശം...
ഒരു പൂവ് വിടരുന്ന പോലെ മനസ്സിന്‍റെ
താഴ്വരയിലൊരു മഞ്ഞ് തുള്ളി പൊഴിയുന്നൂ...
അകലങ്ങളിലൊവിടെയോ നിന്ന്
സ്നേഹത്തിന്‍റെ ഒരു പായ്ക്കപ്പല്‍
മനസ്സിന്‍റെ തീരത്ത് നങ്കൂരമിടുന്നു...
പ്രണയത്തിന്‍റെ ആകാശവും സ്വപ്നങ്ങളുടെ
ആഴവും അവളുടെ മനസ്സിലുണ്ട്...
ഞങ്ങള്‍ മഞ്ഞ് വീണ പുല്മേടുകളിലൂടെ
ഭൂമിയുടെ അരികുതേടി നടക്കുകയാണ്...
താമര മൊട്ടൂപോലെ ഇടക്കു വിരിഞ്ഞും
മഴത്തുള്ളി പോലെ ഉള്ളിലേക്ക് ആര്‍ത്തലച്ച് പെയ്തും
വസന്തത്തിന്‍റെ വേരുകളിലൂടെയൊരു
ആകാശ യാത്ര...
അരികെത്തുമോ ...?

Friday, July 27, 2007

തടാകം


തണല്‍ തൊടുന്ന മനസ്സുകളിലെല്ലാം തടാകങ്ങളുണ്ട്
നിശബ്ദത നിറഞ്ഞ ശാന്തമായ ജലസഞ്ചയം.
ഇലയനക്കം പോലെ ഓളങ്ങളിളകുന്ന
സ്നേഹത്തിന്‍റെ അരയന്ന അഴകും
പ്രണയത്തിന്‍റെ മുത്തുകളും കൊഴിക്കുന്ന മഴത്തടാകം.
ചിലപ്പോള്‍ നിലാവിന്‍റെ നിഴല്‍ പെയ്യുന്വോള്‍
ഇതൊരു നീലത്തടാകം.
മഞ്ഞുകാല രാത്രികളില്‍
നമുക്കീ തടാകക്കരയിലേയ്ക്ക് പോകാം...
മനസ്സില്‍ തണുപ്പ് നിറച്ച് പരസ്പരം പുതച്ചിരിക്കാന്‍!

Monday, July 2, 2007

വാക്ക്...




പറയുന്നിടത്തെല്ലാം വാക്കിന്‍റെ ഒരു ചീള് വീണ് കിടക്കുന്നു...
വയല്‍ വരന്വിലും ഇടവഴിയിലും

വാക്കിന്‍റെ തരികള്‍ കിടപ്പുണ്ട്.

മനസ്സറിയാത്തിടത്തൊന്നും

പറയാത്ത വാക്കുകള്‍ കിടപ്പില്ല!

തരിശു നിലങ്ങളില്‍ ക്രമം തെറ്റിയ വാക്കിന്‍റെ

പ്രവാഹങ്ങള്‍ വീണു കിടപ്പുണ്ടെന്ന് തോന്നുന്നു...!

കരയിലും കടലിലും വാക്മഴ പെയ്യുന്നത്

ഇടി മിന്നലില്ലാതെ ശാന്തമായാണ്...

പഴമൊഴിയും പുതുമൊഴിയും

വാക്കിന്‍റെ ഒരോ കാലഭേദങ്ങള്‍ മാത്രമെങ്കില്‍

എല്ലാ കാലത്തും വാക്കുകളുടെ തലമുറകള്‍

പ്രസവിച്ചതൊക്കെയല്ലേ

പരന്വരകള്‍ ഇപ്പോഴും ബാക്കിവെക്കുന്നുള്ളൂ...?

ഒരു നിമിഷം വീണൊരു വാക്കിന്‍റെ പേരില്‍

പുഴ കടലില്‍ ചാടി ആത്മഹത്യ ചെയ്തു...

ഇനി പുഴയുടെ വാക്കുകള്‍ കടലിനു സ്വന്തം...

കടിച്ചാല്‍ പൊട്ടാത്ത ഒരു ചിപ്പിക്കുള്ളില്‍

അവ സുരക്ഷിതമാണ്...


എന്നാലും വാക്കുകള്‍ ചിലപ്പോഴെല്ലാം

സുരക്ഷിതമല്ലാത്ത

ജയിലുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു....

Saturday, May 5, 2007

ചൂട്


മനസ്സിലെ ചൂട്
മാംസമുരുക്കി ഒഴുകുന്നു...

സൂര്യന്‍ ഭൂമിയെ വിയര്‍പ്പിക്കുന്ന
ഭീകരന്‍ യന്ത്രമാണെന്ന്
ഇന്നലെ ഭൌമ ശാസ്ത്രജ്ഞരുടെ സെമിനാറില്‍
അഭിപ്രായമുയര്‍ന്നുപോലും.
നമുക്കെന്താ...?
യന്ത്രം അകത്തെ ചൂടിനെ ഉരുക്കി ഒലിപ്പിക്കുന്നില്ലേ!
കാറ്റാടി മരത്തണലും
ചൂടു വീശുന്ന കടല്‍ കാറ്റും
മനസ്സിന്‍റെ ഉരുക്കങ്ങളില്‍
മഴക്കാറു നിറക്കുന്നില്ലേ...
പെയ്യാറില്ലെങ്കിലും.
ചുട്ടു പൊള്ളുന്ന മനുഷ്യനും മനസ്സും
വേനല്‍ മഴയുടെ പൊള്ളുന്ന തുള്ളികള്‍ക്കായ്
കടലാസ്സു തോണികളൊരുക്കി
കാത്തിരിപ്പ് തുടരട്ടെ...

ഞാന്‍ വിയര്‍പ്പുവെള്ളത്തില്‍
കുളിച്ചു വരാം...

Friday, April 20, 2007

കാഴ്ചയുടെ മഞ്ഞ് ശിഖരങ്ങള്‍...


ശീലം തെറ്റിയല്ലാതെ എങ്ങനെ ഒരു മഞ്ഞുതുള്ളിക്കു പെയ്യാനാവും!

കാഴ്ചയില്‍ ഒരു മഞ്ഞു കാലമുണ്ട്

കണ്ണടച്ചാല്‍ ഒരു വേനല്‍.

അതുകൊണ്ട് തന്നെ ശരീരം ചൂടു പിടിക്കുന്വോഴൊക്കെ
മനസ്സില്‍ മഞ്ഞു പെയ്യും...

മഞ്ഞിന്‍റെ മനസ്സില്‍ തണുത്ത വിരല്‍ തൊട്ടപ്പോള്‍

കൈപ്പൊള്ളലേറ്റു.

ശീലം തെറ്റാതെ ഇന്നലെ അവളില്‍

മഴ പെയ്തുപോലും
ഇനി മരം പെയ്യുന്ന കാലം.

എന്നിട്ടും മഴക്കാടുകാണാന്‍ അവളെന്നെ വിളിച്ചില്ല.

ക്ഷണിക്കാതെ ഞാനെങ്ങനെ

മഴത്തുള്ളി നുണയും?

ചില ഭൂഖണ്ഡങ്ങളിലെ ചുട്ടുപൊള്ളുന്ന വേനല്‍ നിലങ്ങള്‍

ഉര്‍വരതയുടെ താഴ്വരയിലേയ്ക്കുള്ള

ദിശാ സൂചികകളാണ്...

ഉറക്കത്തിനും പകലിനുമിടയിലെ

രാത്രിയുടെ ദൂരം
ക്രമം തെറ്റിയ ഒരു കാലവര്‍ഷത്തില്‍ അവസാനിക്കും.

മഴയും മഞ്ഞും പരസ്പരം ആത്മാവ് തൊടുന്വോള്‍

വേനല്‍ ഇളം തണുപ്പിന്‍റെ പുതപ്പിലായിരിക്കും.

അപ്പോള്‍ കാഴ്ച,
ശീലങ്ങളുടെ വസ്ത്രമുരിഞ്ഞ്

കണ്ണടച്ചില്ലുകളില്‍

മഞ്ഞിന്‍റെ ചിത്രം വരയ്ക്കും!

Tuesday, April 17, 2007

ആഴങ്ങളില്‍ ചുംബിക്കരുത്...



ഇണയുടെ കവിളിലെ ചുവപ്പില്‍ ചുംബിക്കാനാണ്
ഞാനെപ്പോഴും ശ്രമിക്കുന്നത്...

പലപ്പോഴും ഒരു ചുംബനത്തിനു
കാത്തു നില്‍ക്കാതെ
ചുവപ്പുകള്‍ മാഞ്ഞു പോകുന്നു।

ചെന്നിയിലെ നീല ഞരന്വ്
അപ്പോഴും ഒരു ചുംബനത്തീയില്‍ വീഴാന്‍
കാത്തു നില്ക്കും।

മനസിന്‍റെ ദാഹം പുഴവഴി തേടുന്വോള്‍
കടല്‍ കുടിക്കാന്‍ ഞാന്‍
ആഴങ്ങളിലേക്കു വരും।

കടലാഴങ്ങളിലെ ഇതളുകള്‍ക്കിടയില്‍
ഇണയുടെ കവിളിലെ മാഞ്ഞുപോയ ചുവപ്പുകള്‍
ഒളിച്ചിരിക്കുന്നുണ്ട്...

പക്ഷേ ... ആഴങ്ങളില്‍ ചുംബിക്കരുത്
ചിപ്പികള്‍ക്കു നനയും.


വഴി വിളക്കുകള്‍ കത്താതിരിക്കുന്നത്........


പകല്‍ വഴി പിഴപ്പിച്ച പ്രണയത്തിന്‍റെ

വെളിച്ചവും പേറിയാണ്

രാത്രി ബാക്കിയാക്കുന്ന

നിശബ്ദതയുടെ ഒഴിഞ്ഞ ഇടങ്ങളിലേക്ക്

ജീവിതങ്ങള്‍ നടക്കുന്നത്...

ഒരിക്കലും തെളിയാത്ത വിളക്കു കാലുകള്‍

പിഴച്ച പ്രണയത്തിന്‍റെ കറുത്ത രാത്രികളെ

ഒരിക്കലും പ്രകാശിപ്പിക്കാറില്ല...

കൊഴിഞ്ഞു വീണ പ്രണയത്തിന്‍റെ ഒരു മുല്ലപ്പൂവ്

എപ്പോഴും ഈ വിളക്കു കാലുകള്‍ക്കിടയിലുണ്ടാവും...

തെരുവില്‍ ഇപ്പോളും പ്രകാശിക്കാത്ത

വിളക്കുകാലുകള്‍ക്കിടയില്‍

രാത്രി ജീവിതങ്ങള്‍

എന്നും മുടങ്ങാതെ

വെളിച്ചം വില്ക്കുന്നുണ്ട്...

ഒരു പകലിനെയെങ്കിലും വഴി പിഴപ്പിക്കാന്‍...

Monday, April 16, 2007

നിശ്ബ്ദത

മിണ്ടാതിരുന്നാല്‍ നിശ്ബ്ദത ഉണ്ടാവുമോ...?
ഇല അനക്കങ്ങള്‍ക്ക്
കാതോര്‍ക്കുക...

ഹൃദയമിടിപ്പില്‍
നിശ്ബ്ദത ഇല്ലാതാവുന്നുണ്ട്....

ആളൊഴിഞ്ഞ നടപ്പാതകള്‍
കാലൊച്ചയില്ലാത്ത
സെമിത്തേരികളാകുമോ?
രാത്രിനേരത്ത്
നിലത്തൂന്നാത്ത കാലൊച്ചകള്‍
നിശ്ബ്ദതയെ തകര്‍ത്ത്
കേള്‍ക്കുന്നുണ്ട്.......