Friday, July 27, 2007

തടാകം


തണല്‍ തൊടുന്ന മനസ്സുകളിലെല്ലാം തടാകങ്ങളുണ്ട്
നിശബ്ദത നിറഞ്ഞ ശാന്തമായ ജലസഞ്ചയം.
ഇലയനക്കം പോലെ ഓളങ്ങളിളകുന്ന
സ്നേഹത്തിന്‍റെ അരയന്ന അഴകും
പ്രണയത്തിന്‍റെ മുത്തുകളും കൊഴിക്കുന്ന മഴത്തടാകം.
ചിലപ്പോള്‍ നിലാവിന്‍റെ നിഴല്‍ പെയ്യുന്വോള്‍
ഇതൊരു നീലത്തടാകം.
മഞ്ഞുകാല രാത്രികളില്‍
നമുക്കീ തടാകക്കരയിലേയ്ക്ക് പോകാം...
മനസ്സില്‍ തണുപ്പ് നിറച്ച് പരസ്പരം പുതച്ചിരിക്കാന്‍!

Monday, July 2, 2007

വാക്ക്...




പറയുന്നിടത്തെല്ലാം വാക്കിന്‍റെ ഒരു ചീള് വീണ് കിടക്കുന്നു...
വയല്‍ വരന്വിലും ഇടവഴിയിലും

വാക്കിന്‍റെ തരികള്‍ കിടപ്പുണ്ട്.

മനസ്സറിയാത്തിടത്തൊന്നും

പറയാത്ത വാക്കുകള്‍ കിടപ്പില്ല!

തരിശു നിലങ്ങളില്‍ ക്രമം തെറ്റിയ വാക്കിന്‍റെ

പ്രവാഹങ്ങള്‍ വീണു കിടപ്പുണ്ടെന്ന് തോന്നുന്നു...!

കരയിലും കടലിലും വാക്മഴ പെയ്യുന്നത്

ഇടി മിന്നലില്ലാതെ ശാന്തമായാണ്...

പഴമൊഴിയും പുതുമൊഴിയും

വാക്കിന്‍റെ ഒരോ കാലഭേദങ്ങള്‍ മാത്രമെങ്കില്‍

എല്ലാ കാലത്തും വാക്കുകളുടെ തലമുറകള്‍

പ്രസവിച്ചതൊക്കെയല്ലേ

പരന്വരകള്‍ ഇപ്പോഴും ബാക്കിവെക്കുന്നുള്ളൂ...?

ഒരു നിമിഷം വീണൊരു വാക്കിന്‍റെ പേരില്‍

പുഴ കടലില്‍ ചാടി ആത്മഹത്യ ചെയ്തു...

ഇനി പുഴയുടെ വാക്കുകള്‍ കടലിനു സ്വന്തം...

കടിച്ചാല്‍ പൊട്ടാത്ത ഒരു ചിപ്പിക്കുള്ളില്‍

അവ സുരക്ഷിതമാണ്...


എന്നാലും വാക്കുകള്‍ ചിലപ്പോഴെല്ലാം

സുരക്ഷിതമല്ലാത്ത

ജയിലുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു....