Monday, July 2, 2007

വാക്ക്...




പറയുന്നിടത്തെല്ലാം വാക്കിന്‍റെ ഒരു ചീള് വീണ് കിടക്കുന്നു...
വയല്‍ വരന്വിലും ഇടവഴിയിലും

വാക്കിന്‍റെ തരികള്‍ കിടപ്പുണ്ട്.

മനസ്സറിയാത്തിടത്തൊന്നും

പറയാത്ത വാക്കുകള്‍ കിടപ്പില്ല!

തരിശു നിലങ്ങളില്‍ ക്രമം തെറ്റിയ വാക്കിന്‍റെ

പ്രവാഹങ്ങള്‍ വീണു കിടപ്പുണ്ടെന്ന് തോന്നുന്നു...!

കരയിലും കടലിലും വാക്മഴ പെയ്യുന്നത്

ഇടി മിന്നലില്ലാതെ ശാന്തമായാണ്...

പഴമൊഴിയും പുതുമൊഴിയും

വാക്കിന്‍റെ ഒരോ കാലഭേദങ്ങള്‍ മാത്രമെങ്കില്‍

എല്ലാ കാലത്തും വാക്കുകളുടെ തലമുറകള്‍

പ്രസവിച്ചതൊക്കെയല്ലേ

പരന്വരകള്‍ ഇപ്പോഴും ബാക്കിവെക്കുന്നുള്ളൂ...?

ഒരു നിമിഷം വീണൊരു വാക്കിന്‍റെ പേരില്‍

പുഴ കടലില്‍ ചാടി ആത്മഹത്യ ചെയ്തു...

ഇനി പുഴയുടെ വാക്കുകള്‍ കടലിനു സ്വന്തം...

കടിച്ചാല്‍ പൊട്ടാത്ത ഒരു ചിപ്പിക്കുള്ളില്‍

അവ സുരക്ഷിതമാണ്...


എന്നാലും വാക്കുകള്‍ ചിലപ്പോഴെല്ലാം

സുരക്ഷിതമല്ലാത്ത

ജയിലുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു....

3 comments:

തറവാടി said...

ഒന്നും മനസ്സിലായില്ല , എന്‍റ്റെ കുഴപ്പം :)

Unknown said...

വാക്കുകള്‍ കൊണ്ടൊരു ചങ്ങല തീര്ത്തോളൂ....
ഭാവിയില്‍ ആവശ്യമുണ്ടാവും .......
:)

ഗൊള്ളാം
കീപ് ഇറ്റ് അപ്....

Anonymous said...

വാക്കുകളുടെ തടവറയില്‍ തന്നെയാണ് എല്ലാവരും.

:: ലക്ഷ്മി