Saturday, October 2, 2010

പറുദീസാ നഷ്ടം...


വെളുത്ത കളിമണ്‍ പാത്രങ്ങളില്‍
ചിത്രം വരച്ച നിന്‍റെ കൈകളുടെ
മൃദുലത ഞാനറിയുന്നുണ്ട്,
ചിത്രത്തിലൂടെ വിരല്‍ തൊടുന്വോള്‍ മാത്രം.
പെട്ടെന്നൊരു കൈപ്പിഴയില്‍
നിലത്തു വീണ പാത്രം ഉടച്ചത്,
വിരലു കൊണ്ട് നിശബ്ദമായി
നീയെന്നോടു പറഞ്ഞ, എറ്റവും
മനോഹരമായ കവിതയെയായിരുന്നു.
പെണ്‍കുട്ടിയെപ്പോലെ ചുവന്ന
കവിതകളെല്ലാം ഉടഞ്ഞു പോകും,
എത്രമേല്‍ തിവ്രമായതെങ്കിലും.
നദിക്കു കുറുകെ മഞ്ഞിന്‍റെ കന്വളം
പുതഞ്ഞു കിടന്നൊരു താഴ്വരയിലൂടെയുള്ള
ഒട്ടും ശബ്ദമില്ലാത്തൊരു തീവണ്ടി യാത്രയാണ്
പ്രണയം.
അത്, അഭിനിവേശത്തിന്‍റെ ഉടുപ്പിട്ട്
ഓര്‍ക്കാപ്പുറത്ത് കയറി വരാം...,
ഇരുട്ടു മറഞ്ഞുകിടക്കുന്ന റെയില്‍പ്പാതയിലൂടെ
അറിയാതെ കുന്നിറങ്ങിപ്പോവുകയുമാവാം.
ഓരോ കാലങ്ങളിലായി,
ഇങ്ങനെ എത്ര താഴ്വരകള്‍ കണ്ട്
തണുപ്പില്‍ നീ കൂട്ടിരുന്നു,
കാഴ്ച മറച്ച് മഞ്ഞു നീങ്ങുന്വോള്‍ ഓര്‍മ്മകള്‍ക്കു തീകൂട്ടി!
ജീവിതത്തില്‍ നഷ്ടമായ പ്രണയങ്ങളെല്ല്ലാം
കൂട്ടംകൂടിയിരിക്കുന്നൊരിടമുണ്ട്...
മഞ്ഞ് അവിടേക്കു വഴികാട്ടും.
വീണ്ടെടുക്കാനല്ല, ഞാനവിടേക്കു പോകും.
ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്നു,
തീവണ്ടി ജനാലയിലൂടെ വെറുതെ കണ്ടു കടന്നു പോകാന്‍.
തണുത്തു പോയ എന്‍റെ കണ്ണില്‍ നോക്കിയാല്‍
അവര്‍ തിരിച്ചറിയുമോ?
സ്വപ്നങ്ങളുടെ നഷ്ടപ്പെടലിനിടയിലൂടെ
അങ്ങനെയൊരു യാത്ര ചെയ്യുന്ന ദിവസമാകും
ഞാന്‍ മഞ്ഞുകട്ട പോലെ ഉറഞ്ഞില്ലാതാകുന്നത്.

Monday, August 30, 2010

മഷിക്കുപ്പി


അറിയാതെ പോലും
മഷിക്കുപ്പി മനസ്സിലേക്കു
തട്ടി മറിക്കരുത്;
പ്രണയത്തിന്‍റെ അടയാളങ്ങള്‍ക്ക്‍
മുകളില്‍ അതൊരു കറുത്ത പാടായി പടരും.
മനസ് പുസ്തകം പോലെ തുറന്നു വയ്ക്കരുത്
വായിച്ചു പോകുന്നവരാരും
മനസു മാത്രം കാണില്ല.
അക്ഷരങ്ങളുടെ സൂചിമുനകളില്‍
വാക്കിനെ കൊരുത്തിട്ട്
പ്രണയത്തിനു പൂമാല കെട്ടരുത്;
ഒരു വേനലിനെപ്പോലും അത് മറികടക്കില്ല.
മരങ്ങളില്‍-ചില്ലകളിലും ഇലകളിലും-
കാറ്റ് പടര്‍ന്നുകയറുന്നതു പോലെ
പ്രണയത്താല്‍ ചുവന്ന കവിതയുമായി
കാമുകിയെ തേടി പോകരുത്;
അവള്‍ ഉന്മാദത്താല്‍
നിന്‍റെ ചെവികടിച്ചു മുറിക്കാന്‍
സാധ്യതയേറെയാണ്
കാരണം വാന്‍ഗോഗിനെക്കാള്‍
സുന്ദരമായി അവള്‍ നിന്നില്‍ പ്രണയം വരയ്ക്കും.
ചില്ലക്ഷരങ്ങളില്‍ പോറിയും വരഞ്ഞും
മഷിമുക്കാതെ നീ മനസില്‍
കോറുന്നതൊന്നും പ്രണയമോ
കവിതയോ അല്ല.
തീച്ചൂടും പുകയുമേറ്റ്
കണ്ണ് നനയുന്വോള്‍
കടലാസിലേക്കു കവിത ഇറ്റിച്ച്
മഷിക്കുപ്പി തട്ടി മറിച്ചിടുക
പിന്നീട് വായിച്ചാല്‍ ആരുമൊന്നുമറിയരുത്.