Friday, April 20, 2007

കാഴ്ചയുടെ മഞ്ഞ് ശിഖരങ്ങള്‍...


ശീലം തെറ്റിയല്ലാതെ എങ്ങനെ ഒരു മഞ്ഞുതുള്ളിക്കു പെയ്യാനാവും!

കാഴ്ചയില്‍ ഒരു മഞ്ഞു കാലമുണ്ട്

കണ്ണടച്ചാല്‍ ഒരു വേനല്‍.

അതുകൊണ്ട് തന്നെ ശരീരം ചൂടു പിടിക്കുന്വോഴൊക്കെ
മനസ്സില്‍ മഞ്ഞു പെയ്യും...

മഞ്ഞിന്‍റെ മനസ്സില്‍ തണുത്ത വിരല്‍ തൊട്ടപ്പോള്‍

കൈപ്പൊള്ളലേറ്റു.

ശീലം തെറ്റാതെ ഇന്നലെ അവളില്‍

മഴ പെയ്തുപോലും
ഇനി മരം പെയ്യുന്ന കാലം.

എന്നിട്ടും മഴക്കാടുകാണാന്‍ അവളെന്നെ വിളിച്ചില്ല.

ക്ഷണിക്കാതെ ഞാനെങ്ങനെ

മഴത്തുള്ളി നുണയും?

ചില ഭൂഖണ്ഡങ്ങളിലെ ചുട്ടുപൊള്ളുന്ന വേനല്‍ നിലങ്ങള്‍

ഉര്‍വരതയുടെ താഴ്വരയിലേയ്ക്കുള്ള

ദിശാ സൂചികകളാണ്...

ഉറക്കത്തിനും പകലിനുമിടയിലെ

രാത്രിയുടെ ദൂരം
ക്രമം തെറ്റിയ ഒരു കാലവര്‍ഷത്തില്‍ അവസാനിക്കും.

മഴയും മഞ്ഞും പരസ്പരം ആത്മാവ് തൊടുന്വോള്‍

വേനല്‍ ഇളം തണുപ്പിന്‍റെ പുതപ്പിലായിരിക്കും.

അപ്പോള്‍ കാഴ്ച,
ശീലങ്ങളുടെ വസ്ത്രമുരിഞ്ഞ്

കണ്ണടച്ചില്ലുകളില്‍

മഞ്ഞിന്‍റെ ചിത്രം വരയ്ക്കും!

Tuesday, April 17, 2007

ആഴങ്ങളില്‍ ചുംബിക്കരുത്...



ഇണയുടെ കവിളിലെ ചുവപ്പില്‍ ചുംബിക്കാനാണ്
ഞാനെപ്പോഴും ശ്രമിക്കുന്നത്...

പലപ്പോഴും ഒരു ചുംബനത്തിനു
കാത്തു നില്‍ക്കാതെ
ചുവപ്പുകള്‍ മാഞ്ഞു പോകുന്നു।

ചെന്നിയിലെ നീല ഞരന്വ്
അപ്പോഴും ഒരു ചുംബനത്തീയില്‍ വീഴാന്‍
കാത്തു നില്ക്കും।

മനസിന്‍റെ ദാഹം പുഴവഴി തേടുന്വോള്‍
കടല്‍ കുടിക്കാന്‍ ഞാന്‍
ആഴങ്ങളിലേക്കു വരും।

കടലാഴങ്ങളിലെ ഇതളുകള്‍ക്കിടയില്‍
ഇണയുടെ കവിളിലെ മാഞ്ഞുപോയ ചുവപ്പുകള്‍
ഒളിച്ചിരിക്കുന്നുണ്ട്...

പക്ഷേ ... ആഴങ്ങളില്‍ ചുംബിക്കരുത്
ചിപ്പികള്‍ക്കു നനയും.


വഴി വിളക്കുകള്‍ കത്താതിരിക്കുന്നത്........


പകല്‍ വഴി പിഴപ്പിച്ച പ്രണയത്തിന്‍റെ

വെളിച്ചവും പേറിയാണ്

രാത്രി ബാക്കിയാക്കുന്ന

നിശബ്ദതയുടെ ഒഴിഞ്ഞ ഇടങ്ങളിലേക്ക്

ജീവിതങ്ങള്‍ നടക്കുന്നത്...

ഒരിക്കലും തെളിയാത്ത വിളക്കു കാലുകള്‍

പിഴച്ച പ്രണയത്തിന്‍റെ കറുത്ത രാത്രികളെ

ഒരിക്കലും പ്രകാശിപ്പിക്കാറില്ല...

കൊഴിഞ്ഞു വീണ പ്രണയത്തിന്‍റെ ഒരു മുല്ലപ്പൂവ്

എപ്പോഴും ഈ വിളക്കു കാലുകള്‍ക്കിടയിലുണ്ടാവും...

തെരുവില്‍ ഇപ്പോളും പ്രകാശിക്കാത്ത

വിളക്കുകാലുകള്‍ക്കിടയില്‍

രാത്രി ജീവിതങ്ങള്‍

എന്നും മുടങ്ങാതെ

വെളിച്ചം വില്ക്കുന്നുണ്ട്...

ഒരു പകലിനെയെങ്കിലും വഴി പിഴപ്പിക്കാന്‍...

Monday, April 16, 2007

നിശ്ബ്ദത

മിണ്ടാതിരുന്നാല്‍ നിശ്ബ്ദത ഉണ്ടാവുമോ...?
ഇല അനക്കങ്ങള്‍ക്ക്
കാതോര്‍ക്കുക...

ഹൃദയമിടിപ്പില്‍
നിശ്ബ്ദത ഇല്ലാതാവുന്നുണ്ട്....

ആളൊഴിഞ്ഞ നടപ്പാതകള്‍
കാലൊച്ചയില്ലാത്ത
സെമിത്തേരികളാകുമോ?
രാത്രിനേരത്ത്
നിലത്തൂന്നാത്ത കാലൊച്ചകള്‍
നിശ്ബ്ദതയെ തകര്‍ത്ത്
കേള്‍ക്കുന്നുണ്ട്.......