Monday, August 10, 2009

ചലച്ചിത്ര മേള


ഒരു സിനിമാ തിയേറ്ററിനുള്ളിലെ ഇരുളിലാണ്
സിനിമ നടക്കുന്നത്...
സത്യജിത് റേ എത്ര വലിയ സംവിധായകനാണേലും
അങ്ങേരുടെ പേരുള്ള സിനിമാ പഠന കേന്ദ്രത്തിലെ
പിള്ളേര്‍ ഇങ്ങനെ സിനിമയെടുത്തു മുഷിപ്പിക്കുമോ?
കാക്കാരിശ്ശി നാടകം കാണാന്‍ ഉത്സവപ്പന്വിലേക്കു
പോകുന്നതായിരുന്നു ഇതിലും നല്ലതെന്നു
ചിത്രത്തോടു പറഞ്ഞു നിരാശ തീര്‍ത്തു.
ഇനി കണ്ണടച്ച് സ്ക്രീനിലേക്കു നോക്കാം...ശബ്ദം മാത്രം കേള്‍ക്കാം.
ഒരു കുഞ്ഞു വിരല്‍ ചൂടിനായി ശബ്ദമില്ലാതെ
ഇരുളില്‍ പരതുന്നുണ്ട്...
കണ്ണടച്ചിരിക്കുന്നതു കൊണ്ട് ഒന്നും കാണാന്‍ വയ്യ.
ഇരുളിന്‍റെ ഉടുപ്പിനുള്ളില്‍ നിന്നൊരു ചൂടില്‍ വിരല്‍ തൊട്ടു.
തൂവല്‍ പോലെ ഒന്ന് അനങ്ങാതെ കാതോര്‍ത്തിരിക്കുന്ന ഒച്ച കേള്‍ക്കാം.
പതിയെ പക്ഷിത്തൂവലില്‍ വിരല്‍ വെച്ച് ധ്യാനിച്ചിരുന്നു
കിളി പറക്കുന്ന മനസോടെ...
വിരല്‍ ശബ്ദം നിലച്ചതു കണ്ട് പക്ഷി പതിയെ ചുണ്ടനക്കി...
ഭയത്തിന്‍റെ ചിറക് പതിയെ അതു കൊഴിച്ചിട്ടു.
പിന്നെ മനസും വിരലും സ്ക്രീനിലെ ഇളം ചൂടില്‍
വിരല്‍ മുക്കി പക്ഷിക്കൂട്ടില്‍ ഒരോ ചിത്രങ്ങളായി വരച്ചു.
ക്യാന്‍വാസിന്‍റെ അളവെടുത്തു...
വിരല്‍ ചുട്ടുപൊള്ളിയപ്പോഴാണ് ക്യാമറ മരുഭൂമി താണ്ടുന്നതറിഞ്ഞത്...
ഇരുളില്‍ ശബ്ദം വഴികാട്ടിയായി മുന്‍പേ നടന്നു.
മണല്‍ കാറ്റില്‍ മുഖം തൂവാലകൊണ്ടു കെട്ടി
കാറ്റിന്‍റെ മൂളല്‍ മാത്രം കേട്ടു നടന്നു...
മരുഭുമി താണ്ടി മരുപ്പച്ചയ്ക്കുള്ളിലെ
തടാകത്തില്‍ വിരല്‍ ആഴ്ത്താനൊരുങ്ങവെ,
കാറ്റു വന്നു പക്ഷിക്കൂട്ടിലേക്കു തിരികെ കൊണ്ടു പോയി.
പിന്നേയും തൂവല്‍ തൊട്ടിരുന്നപ്പോള്‍,
സ്ക്രീനില്‍ സിനിമ അര്‍ഥമില്ലാതെ മുന്നേറിക്കൊണ്ടിരുന്നു...
മരുപ്പച്ചയില്‍ ചുണ്ടു നനയ്ക്കാനാവാത്ത നിരാശ
പരസ്പരം പറഞ്ഞു പങ്കു വച്ചു ചിരിക്കവെ
ഇരുള്‍കീറി ഒരു വെളിച്ചം മിന്നല്‍ പോലെ വന്നു,
അടച്ചു വെച്ച കണ്ണുകള്‍ തുറന്ന് സ്ക്രീനിലേക്കു നോക്കി...
മരുഭൂമികള്‍ കാണാനില്ല,
ഒരു നദിക്കരയില്‍ രണ്ടുപേര്‍ സംസാരിച്ചു കൊണ്ടേയിരിക്കുന്നു.
ഭാഷയും അര്‍ഥവും വേര്‍പിരിഞ്ഞു കിട്ടുന്നില്ല.
ഇപ്പോള്‍ സിനിമയിലും കറുത്ത ഇരുട്ട്.
പിന്നേയും കണ്ണടച്ച് ഒര്‍ക്കാപ്പുറത്തു വരുന്ന
വെളിച്ചത്തിന്‍റെ ഞെട്ടലിനെക്കുറിച്ചു ചിത്രത്തോട്
പറഞ്ഞു ചിരിച്ചു.
വിരല്‍ അപ്പോളും ക്യാന്‍വാസിലെ ഉഷ്ണമേഖലകളിലായിരുന്നു.
ക്യാമറ പിന്നേയും മരുഭൂമിയിലെ താപനിലയുടെ
അളവെടുത്ത് ചിത്രത്തിന് പതുപതുത്ത നിറം കൊടുത്തു...
സിനിമ ഇപ്പോഴും നദിക്കരയിലെ ഗിരിപ്രഭാഷണങ്ങളില്‍ തന്നെ...
പതിയെ സ്ക്രീനിലെ ഇരുളില്‍ നിന്നു പുറത്തേക്കിറങ്ങി,
നടന്നു നീങ്ങവെ മനസ്സില്‍ പറഞ്ഞു;
ഈ സത്യ ജിത് റേയുടെ ഒരോരോ കാര്യങ്ങള്‍...
വെറുതെയല്ല നാട്ടിലെ സിനിമാക്കൊട്ടകളെല്ലാം
കല്യാണ മണ്ഡപമായത്!

No comments: